തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇന്ധനവില കുതിക്കും…. ലിറ്ററിന് 28 രൂപ വരെ വർധനവിന് സാധ്യത

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, നഷ്ടം നികത്താൻ ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധിപ്പിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ ആഗോള ക്രൂഡ് ഓയിൽ വിതരണത്തെ ബാധിച്ചു. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് ഏതാണ്ട് 120 ഡോളർ എന്ന നിരക്കിലാണ് ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്. ആഭ്യന്തര വിപണിയിൽ വില വർധിപ്പിക്കാത്തതിനാൽ എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് പ്രതിമാസം 27,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുന്നു. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവിൽ 13 മുതൽ 15 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെങ്കിലും, വിലക്കയറ്റം കാരണം ഇന്ത്യയുടെ ഇറക്കുമതി ബില്ല് കുതിച്ചുയരുകയാണ്. പ്രതിദിനം 190 മുതൽ 210 ദശലക്ഷം ഡോളർ വരെ അധികമായി ഭാരതത്തിന് ചെലവാക്കേണ്ടി വരുന്നു. സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചതും വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തിയതും ചെറിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും വലിയ പ്രതിസന്ധി പരിഹരിക്കാൻ ഇത് പര്യാപ്തമല്ല.
തിരഞ്ഞെടുപ്പ് രാഷ്ട്രീയ കാരണങ്ങളാലാണ് ഇപ്പോൾ വില വർധനവ് തടഞ്ഞുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഏപ്രിൽ 29-ന് അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ വില പരിഷ്കരണത്തിൽ തീരുമാനമുണ്ടാകും.



