മരുന്ന് മാറി നൽകി വയോധികൻ അപകടാവസ്ഥയിലായ സംഭവം…വ്യക്തമായ പ്രിസ്ക്രിപ്ഷൻ നൽകാൻ ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ…

വ്യക്തവും വായിക്കാൻ കഴിയുന്നതുമായ പ്രിസ്ക്രിപ്ഷൻ നൽകുന്നതിനായി ഡോക്ടർമാർക്ക് മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാർഗനിർദ്ദേശം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ചെറൂപ്പ ഹെൽത്ത് യൂണിറ്റിൽ വ്യക്തമല്ലാത്ത പ്രിസ്ക്രിപ്ഷൻ കാരണം മരുന്ന് മാറി നൽകി വയോധികൻ അപകടാവസ്ഥയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. സംഭവത്തിൽ ഡി എം ഒയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.



