സ്ത്രീസുരക്ഷാ പെൻഷൻ…. അപേക്ഷകർ 18 ലക്ഷം കടന്നു… ഏപ്രിലിലെ വിതരണം ഉടൻ തുടങ്ങും

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷകരുടെ പ്രവാഹം. പദ്ധതി ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അപേക്ഷകരുടെ എണ്ണം 18 ലക്ഷം കടന്നു. ഫെബ്രുവരിയിൽ പദ്ധതി തുടങ്ങിയപ്പോൾ 10.05 ലക്ഷമായിരുന്ന അപേക്ഷകർ നിലവിൽ 18.18 ലക്ഷമായി ഉയർന്നിരിക്കുകയാണ്. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. 2.55 ലക്ഷം അപേക്ഷകരുള്ള ജില്ലയിൽ 2.4 ലക്ഷം പേർക്ക് ഇതിനോടകം പെൻഷൻ ലഭിച്ചു തുടങ്ങി. 1.91 ലക്ഷം അപേക്ഷകരുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും കുറവ് അപേക്ഷകർ പത്തനംതിട്ട ജില്ലയിലാണ് (51,479 പേർ). ലഭിച്ച അപേക്ഷകളിൽ ഭൂരിഭാഗവും നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൻഷൻ അനുവദിച്ചു വരികയാണ്.
35 വയസ്സ് പൂർത്തിയായ സ്ത്രീകൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. റേഷൻ കാർഡിൽ മഞ്ഞ (AAY), പിങ്ക് (PHH) കാർഡുകളിലെ അംഗങ്ങളായിരിക്കണം. സംസ്ഥാനത്ത് നിന്ന് താമസം മാറുന്നവർക്കും ജോലി ലഭിക്കുന്നവർക്കും പെൻഷൻ അർഹത ഉണ്ടായിരിക്കില്ല. റേഷൻ കാർഡ് വിവരങ്ങളിൽ മാറ്റം വന്നാലും പെൻഷൻ മുടങ്ങാൻ സാധ്യതയുണ്ട്. എന്നിവയെല്ലാമാണ് പ്രധാന നിബന്ധനകൾ.
അനർഹമായി പെൻഷൻ കൈപ്പറ്റുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരക്കാരിൽ നിന്നും വാങ്ങിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കാനാണ് ഉത്തരവ്. നിലവിൽ അപേക്ഷിച്ചവരിൽ ബാക്കിയുള്ളവ പരിശോധനയിലാണ്. വരും മാസങ്ങളിൽ ഗുണഭോക്താക്കളുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത.




