സതീശന്റേത് ടെലിവിഷൻ പ്രവർത്തനം മാത്രം, കെ.സി മിടുക്കൻ… കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി വേണുഗോപാലിനെ അനുകൂലിച്ചും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് കാര്യങ്ങൾ നീക്കിയത് കെ.സി വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വി.ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ മാത്രമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.
കെ.സി അയോഗ്യനാണെന്ന് താൻ പറയില്ല. ആരാണ് യോഗ്യൻ എന്നും താൻ പറയുന്നില്ല. പക്ഷേ, തിരഞ്ഞെടുപ്പ് വിജയത്തിനായി അദ്ദേഹം വലിയ അധ്വാനം നടത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാൻ ആർക്കും സാധിക്കില്ല. കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ ഇരുന്ന പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹം. ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ ഇ.ഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇതെല്ലാം അവസാനിക്കുമെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നായിരുന്നു മറുപടി. “അവസാനം അന്വേഷണവും ഉണ്ടാകില്ല, സ്വർണ്ണവും ഉണ്ടാകില്ല” എന്ന് അദ്ദേഹം പരിഹസിച്ചു.
അതേസമയം, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വീണ്ടും വിവാദപരമായ വർഗീയ പരാമർശങ്ങൾ വെള്ളാപ്പള്ളി ആവർത്തിച്ചു. മുസ്ലിം വിഭാഗം സംഘടിച്ച് സന്പത്തും അവകാശങ്ങളും കൈക്കലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് പെൻഷൻ നൽകുന്നതിനെയും അദ്ദേഹം വിമർശിച്ചു.
മാധ്യമങ്ങൾ തന്നെ വേട്ടയാടാൻ നോക്കുകയാണെന്നും പ്രായമുണ്ടെങ്കിലും തനിക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബോധം ഇപ്പോഴുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.



