മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ചും ഭീഷണി… വടകരയില്‍ യുവാവിനെ കാണാതായത് ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്നെന്ന് കുടുംബം

കോഴിക്കോട്: വടകരയിൽ യുവാവിനെ കാണാതായ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ ഇടപെടൽ സംശയിച്ച് കുടുംബം. വടകര ആയഞ്ചേരി സ്വദേശി വാളാഞ്ഞിയിൽ വിഷ്ണുപ്രകാശിനെ (25) ഈ മാസം 13 മുതൽ കാണാതായ സംഭവത്തിലാണ് ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച (ഏപ്രിൽ 13) ബാങ്കിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെ പിന്നീട് കാണാതാവുകയായിരുന്നു. വിഷ്ണു ഒരു ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് 10,000 രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പ് ജീവനക്കാർ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭീഷണിയുടെ ഭാഗമായി വിഷ്ണുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, മോർഫ് ചെയ്ത ചിത്രങ്ങൾ വിഷ്ണുവിന് തന്നെ അയച്ചുകൊടുക്കുകയും ചെയ്തതായി പരാതിയിലുണ്ട്. ഇത്തരത്തിലുള്ള കടുത്ത മാനസിക സമ്മർദ്ദമാകാം യുവാവിനെ കാണാതാകാൻ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

യുവാവിന്റെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വടകര പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ വിഷ്ണുവിനെ കണ്ടെത്താനായിട്ടില്ല. ഇന്നലെ ബന്ധുക്കൾ റൂറൽ ജില്ലാ സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. ലോൺ ആപ്പുകളുടെ ക്രൂരമായ ഭീഷണി കാരണം കേരളത്തിൽ മുൻപും ആത്മഹത്യകളടക്കം റിപ്പോർട്ട് ചെയ്തിട്ടുള്ള പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് പോലീസ് ഈ കേസിനെ കാണുന്നത്.

Related Articles

Back to top button