മീൻ വറുത്തതിന് രുചിയില്ല….ഷെഫിനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഹോട്ടലുടമ…

കൊച്ചി : മീൻ വറുത്തതിന് ഉപ്പും രുചിയും കുറവാണെന്നാരോപിച്ച് ഹോട്ടലുടമ ഷെഫിനെ കത്തി കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചു. അങ്കമാലി കറുകുറ്റിയിലെ ‘മീൻവിലാസം’ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഹോട്ടലിലെ നാല് ഉടമകളിൽ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെ അങ്കമാലി പോലീസ് കേസെടുത്തു. അനധികൃതമായി തടഞ്ഞുവെച്ച് മർദിക്കുകയും മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തതിനാണ് കേസ്. ഹോട്ടലിലെത്തിയ ഉടമകളിലൊരാളായ മുഹമ്മദ് ഉവൈസ് കഴിക്കാനായി ഫിഷ് ഫ്രൈ ഓർഡർ ചെയ്തിരുന്നു.

തുടര്‍ന്ന് ഷെഫായ റിയാസ് മീൻ വറുത്ത് എത്തിച്ചു നൽകി. എന്നാൽ ഭക്ഷണം കഴിച്ചുനോക്കിയ ഉടമ മീനിന് രുചിയില്ലെന്നും ആവശ്യത്തിന് ഉപ്പില്ലെന്നും റിയാസിനെ മേശയ്ക്കരുകിലേക്ക് വിളിച്ചുവരുത്തി അറിയിച്ചു. ഹോട്ടലിലെ ഫ്രീസർ കേടായതുകൊണ്ടാണ് മീനിന്റെ ഗുണനിലവാരം കുറഞ്ഞതെന്നും പലതവണ ആവശ്യപ്പെട്ടിട്ടും ഫ്രീസർ നന്നാക്കാൻ ഉടമസ്ഥർ തയാറായില്ലെന്നും റിയാസ് മറുപടി നൽകി. ഇതോടെ തർക്കം രൂക്ഷമാവുകയും പ്രകോപിതനായ ഉവൈസ് റിയാസിനെ മർദിക്കുകയുമായിരുന്നു. ‘റിയാസിന്റെ പിറകെ ചെന്ന് ഷർട്ടിന്റെ കുത്തിന് പിടിച്ച് പുറകോട്ടു തള്ളുകയും അടുക്കളയിലെ മേശയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടിയും തവിയെടുത്ത് തല്ലുകയും ചെയ്തു’ എന്നാണ് എഫ്ഐആറിൽ പറയുന്നത്.

Related Articles

Back to top button