പാസ്സില്ലാതെ കയറുന്നത് തടഞ്ഞു… പരിയാരത്ത് സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം

കണ്ണൂർ: പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിന്റെ അതിക്രമം. രോഗിയെ കാണാനെത്തിയവർ സെക്യൂരിറ്റി ജീവനക്കാരനെ വളഞ്ഞിട്ട് മർദ്ദിക്കുകയും പോലീസ് ഔട്ട്‌പോസ്റ്റ് അടിച്ചുതകർക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് ആശുപത്രി വളപ്പിനെ ഭീതിയിലാഴ്ത്തിയ സംഭവങ്ങൾ അരങ്ങേറിയത്.

രോഗിയെ സന്ദർശിക്കാനായി എത്തിയ നാലംഗ സംഘത്തിന്റെ കൈവശം മതിയായ സന്ദർശന പാസ്സുകൾ ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാറിനെ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുഞ്ഞിമംഗലം സ്വദേശിയായ കജേഷിന് ആക്രമണത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചതിന് പിന്നാലെ ആശുപത്രി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം മെഡിക്കൽ കോളേജ് വളപ്പിലെ പോലീസ് ഔട്ട്‌പോസ്റ്റിന് നേരെ തിരിഞ്ഞു. ഔട്ട്‌പോസ്റ്റിന്റെ ഗ്ലാസ് വാതിലുകൾ സംഘം പൂർണ്ണമായും അടിച്ചുതകർത്തു.

ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിൻ്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമപ്രകാരമടക്കം കർശനമായ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം.

Related Articles

Back to top button