നിതിന്‍ രാജിന്റെ മരണം…ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി പോലീസ്….

അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി. നോയിഡയില്‍ നിന്നാണ് ആപ്പ് നടത്തിപ്പുകാരെ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്.

‘ഇന്‍സ്റ്റന്റ് ഫണ്ട്‌സ്’ എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവല്‍(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ആപ്പിനെതിരെ പോലീസ് കേസെടുത്തിരുന്നു. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്ഐആര്‍. മാനസികമായി പീഡിപ്പിച്ചു എന്നും എഫ്ഐആറിലുണ്ട്. ചക്കരക്കല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ലോണ്‍ ആപ്പില്‍ നിന്ന് അദ്ധ്യാപികയായ ലതയ്ക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.

തൊട്ടുപിന്നാലെയായിരുന്നു നിതിന്‍ ആത്മഹത്യ ചെയ്തത്. നിതിനെ ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പോലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.

Related Articles

Back to top button