ഫ്രൈഡ് റൈസിൽ ചിക്കനില്ല…. ഹരിപ്പാട് ഹോട്ടലിൽ ജീവനക്കാരിക്ക് മർദ്ദനം….

ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കഷണങ്ങൾ കുറഞ്ഞുപോയെന്നാരോപിച്ച് ഹരിപ്പാട്ടെ ഹോട്ടലിൽ യുവാവിന്റെ അഴിഞ്ഞാട്ടം. ഹരിപ്പാട് പ്രവർത്തിക്കുന്ന ‘ചിക്കൻ ചിക്കാഗോ’ ഹോട്ടലിലാണ് കമ്പ്യൂട്ടർ അടക്കമുള്ള സാധനങ്ങൾ തകർക്കുകയും ജീവനക്കാരിയെ മർദ്ദിക്കുകയും ചെയ്ത നടുക്കുന്ന സംഭവം അരങ്ങേറിയത്. ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലിൽ നിന്ന് ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്ത യുവാവ്, ഭക്ഷണത്തിൽ ചിക്കൻ കുറവാണെന്ന് ആരോപിച്ച് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. കൂടുതൽ ചിക്കൻ നൽകാമെന്ന് ജീവനക്കാർ പറഞ്ഞിട്ടും യുവാവ് ശാന്തനായില്ല. ജീവനക്കാരെ അസഭ്യം പറയുകയും മനോവിഷമുണ്ടാക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. തുടർന്ന് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണവും പാത്രവും തട്ടിത്തെറിപ്പിച്ച ശേഷം ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും ജീവനക്കാരിയുടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു.

അക്രമത്തിൽ ഹോട്ടലിലെ കമ്പ്യൂട്ടർ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു. ഏകദേശം 35,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ സുധീർ പരാതിപ്പെട്ടു. മർദ്ദനമേറ്റ ജീവനക്കാരി ചികിത്സ തേടിയിട്ടുണ്ട്. ഹോട്ടൽ ഉടമയുടെ പരാതിയിൽ ഹരിപ്പാട് പോലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി.

Related Articles

Back to top button