ഉദയകുമാർ ഉരുട്ടിക്കൊല കേസ്; പ്രതികളായ പൊലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സിബിഐ

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പ്രതികളായ പൊലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ സമർപ്പിച്ചു. കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നാണ് സിബിഐ വാദം. കേസിലെ ഒന്നാം പ്രതിയുടെ വധശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
അതേസമയം പ്രതികൾ പൊലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും സിബിഐയുടെ അഭിഭാഷകൻ വ്യക്തമാക്കി. സിബിഐ അപ്പീലിൽ പ്രതികളായ പൊലീസുകാർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. അന്വേഷണത്തിൽ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയായിരുന്നു ഹൈക്കോടതി വിധി.
ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉൾപ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം പ്രതി കെ ജിതകുമാറിന്‍റെ വധശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി എസ് വി ശ്രീകുമാറിനും 2018 ൽ വധശിക്ഷ വിധിച്ചെങ്കിലും അര്‍ബുദബാധയെ തുടര്‍ന്ന് 2020 ൽ മരിച്ചു.
കൊലക്കുറ്റം, ക്രൂരമര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. ഉരുട്ടിക്കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുകയും വ്യാജരേഖ ചമച്ച് ഉദയകുമാറിനെതിരെ കള്ളക്കേസുണ്ടാക്കുകയും ചെയ്തതിന് സിബിഐ പ്രത്യകേ കോടതി മൂന്നു വര്‍ഷം തടവും പിഴയും വിധിച്ച മുന്‍ എസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ്, അന്ന് എസ്ഐയിയായിരുന്ന ടി അജിത്കുമാര്‍ എന്നിവരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
2005 സെപ്റ്റംബർ 27നാണ് ഉദയകുമാർ ലോക്കപ്പിൽ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുകയായിരുന്നു. സ്റ്റേഷനിൽ പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകളുണ്ടെന്നും വ്യക്തമായിരുന്നു.



