ലോക്സഭയിൽ ‘പതിനാറാം നമ്പർ’ പ്രഹേളികയുമായി രാഹുൽ…പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് രൂക്ഷവിമർശനം…. സഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ

വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെ ‘പതിനാറാം നമ്പർ’ പ്രയോഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണ്ഡല പുനർനിർണയം രാജ്യവിരുദ്ധമാണെന്ന് ആരോപിച്ച രാഹുൽ, ഒബിസി വിഭാഗങ്ങളെ സർക്കാർ അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തി. ‘പതിനാറാം നമ്പർ’ പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നുണ്ടെന്നും ഈ സംഖ്യയുടെ രഹസ്യം വൈകാതെ വെളിപ്പെടുമെന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്ന ഒന്നാണ് പതിനാറാം നമ്പറെന്ന് രാഹുൽ ആവർത്തിച്ചു. ഇതിന്റെ പൊരുൾ ഉടൻ പുറത്തുവരുമെന്ന രാഹുലിന്റെ വാക്കുകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കേന്ദ്രം കൊണ്ടുവന്നത് യഥാർത്ഥ വനിതാ സംവരണ ബിൽ അല്ലെന്നും രാഷ്ട്രീയ നേട്ടത്തിനായി സ്ത്രീകളെ സർക്കാർ മറയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനയ്ക്ക് മേൽ ‘മനുവാദം’ അടിച്ചേൽപ്പിക്കാനാണ് ശ്രമം. ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും ഒബിസി, ദളിത് വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യമില്ല. ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു.
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആസാമിലും ജമ്മു കശ്മീരിലും പരീക്ഷിച്ച ഈ വിഭജന തന്ത്രം രാജ്യവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാജിക്കുകാരനും ബിസിനസുകാരനും’ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഹുൽ പരാമർശിച്ചതോടെ സ്പീക്കർ ഇടപെട്ടു. മാജിക്കും ഭൂതവുമൊക്കെ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കണമെന്നും പാർലമെന്ററി മര്യാദകൾ പാലിക്കണമെന്നും സ്പീക്കർ ഉപദേശിച്ചു. ഇതോടെ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി.
രാഹുലിന്റെ പ്രസംഗത്തിനെതിരെ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും രാജ്നാഥ് സിംഗും രംഗത്തെത്തി. 60 കൊല്ലം രാജ്യം ഭരിച്ചിട്ടും കോൺഗ്രസ് എന്തുകൊണ്ട് ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകിയില്ല? രാജീവ് ഗാന്ധി എന്തിനാണ് ഒബിസി സംവരണത്തെ എതിർത്തത്?” എന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയെ അപമാനിക്കുന്നത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ ഈ ബിൽ പരാജയപ്പെടുത്താൻ പോകുന്നു എന്ന വെല്ലുവിളിയോടെയാണ് രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്.



