‘നാളെ അച്ഛൻ വരും’…. അനാർക്കലിക്ക് നൽകിയ വാഗ്ദാനം ബാക്കി… സുമൻ മടങ്ങിയത് ജീവനറ്റ ശരീരമായി

തിരുവനന്തപുരം: ‘മോളെ കാണാൻ നാളെ അച്ഛൻ വരും, നമുക്ക് കാണാം…’ അഞ്ചു വയസുകാരി അനാർക്കലിക്ക് അച്ഛൻ സുമൻ നൽകിയ അവസാന വാഗ്ദാനമായിരുന്നു ഇത്. എന്നാൽ അച്ഛന്റെ വരവും കാത്തിരുന്ന ആ കുരുന്നിന് മുന്നിലേക്ക് ഇന്നലെയെത്തിയത് സുമന്റെ ജീവനറ്റ ശരീരമാണ്. വിഴിഞ്ഞത്തെ ബാറിലുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ രണ്ട് യുവാക്കൾ സുമനെ (38) നടുറോഡിലിട്ട് തല്ലിക്കൊല്ലുകയായിരുന്നു.
ഭാര്യ രമ്യയുമായി അകന്നു കഴിയുകയാണെങ്കിലും മകൾ അനാർക്കലിയെ കാണാൻ സുമൻ ഇടയ്ക്കിടെ ചൊവ്വരയിലെ ഭാര്യാവീട്ടിലെത്തുമായിരുന്നു. ഇന്നലെ എത്താമെന്ന് മകളോട് ഫോണിലൂടെ ഉറപ്പുനൽകിയിരുന്നതായി രമ്യ കണ്ണീരോടെ പറയുന്നു. കോവളത്തെ ഹോട്ടലിൽ കുക്കായി ജോലി ചെയ്തിരുന്ന സുമൻ, കൈയ്ക്ക് പൊള്ളലേറ്റതിനെ തുടർന്ന് കുറച്ചുദിവസമായി വിശ്രമത്തിലായിരുന്നു. സുഹൃത്ത് വീട്ടിൽ വന്നു വിളിച്ചു കൊണ്ടുപോയതിന് പിന്നാലെയാണ് മരണം സുമനെ തേടിയെത്തിയത്.
വിഷുദിനത്തിന് തലേന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിഴിഞ്ഞം മുക്കോലയിലെ ബാറിൽ വെച്ച് ഷാൻ എന്ന യുവാവുമായി പ്രതികൾ തർക്കമുണ്ടായി. തർക്കം പരിഹരിക്കാൻ ഇടപെട്ട സുമനെതിരെ അക്രമി സംഘം തിരിയുകയായിരുന്നു. ബാറിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുമനെ പ്രതികളായ സഹോദരങ്ങൾ പിന്തുടർന്ന് പിടികൂടി അതിക്രൂരമായി മർദിച്ചു. സുമൻ റോഡിൽ തളർന്നുവീണിട്ടും അക്രമം തുടരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആക്രമണം തടയുന്നതിന് പകരം ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനാണ് ശ്രമിച്ചത്.
സുമന്റെ വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സഹോദരങ്ങളായ അച്ചു, അനന്തം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തമായി വീടില്ലാത്ത സുമനെ രണ്ടാം മാസത്തിൽ അമ്മ മരിച്ചതിനെ തുടർന്ന് കുഞ്ഞമ്മയും അമ്മൂമ്മയുമാണ് വളർത്തിയത്. ആ കുടുംബത്തിന്റെ ഏക അത്താണിയാണ് അക്രമികളുടെ ക്രൂരതയിൽ ഇല്ലാതായത്.



