കെഎസ്ഇബി ജീവനക്കാരന്റെ മരണം… 48 കോടിയുടെ ആശുപത്രി, പക്ഷേ ഓക്‌സിജൻ നൽകാൻ ആളില്ല…. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

തിരുവനന്തപുരം: ഉദ്ഘാടനത്തിന് പിന്നാലെ പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സാ വീഴ്ചയെത്തുടർന്ന് കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ചു. അമ്പൂരി സ്വദേശി സന്തോഷ് (46) ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകാൻ പോലും ജീവനക്കാർ ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ ആരോപിച്ചു.
ആശുപത്രിയിൽ നിന്ന് 100 മീറ്റർ മാത്രം അകലെ ജോലി ചെയ്യുന്നതിനിടെയാണ് സന്തോഷ് കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരം 5 മണിക്ക് അവിടെ ആവശ്യത്തിന് ഡോക്ടർമാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ല. സന്തോഷിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും എന്നാൽ അടിയന്തരമായി നൽകേണ്ട ഓക്‌സിജൻ നൽകാൻ പോലും ആരും തയ്യാറായില്ലെന്നും സുഹൃത്തുക്കൾ കുറ്റപ്പെടുത്തി.
കിഫ്ബി ഫണ്ടിൽ നിന്ന് 48 കോടി രൂപ ചെലവഴിച്ച് മൾട്ടി സ്പെഷ്യാലിറ്റി എന്ന പേരിൽ അടുത്തിടെയാണ് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാൽ മതിയായ ജീവനക്കാരെ നിയമിക്കാതെയും ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താതെയും നടത്തിയ ഉദ്ഘാടനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കർശന നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.



