മൂഴിക്കൽ കേസിൽ വഴിത്തിരിവ്… നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ കിണറ്റിൽ… ബന്ധുക്കളെ ചോദ്യം ചെയ്യും…

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പ്ലസ് വൺ വിദ്യാർത്ഥിനി നസ്രീന കൊല്ലപ്പെട്ട കേസിൽ ദുരൂഹത വർദ്ധിപ്പിച്ച് നിർണ്ണായക തെളിവുകൾ പുറത്ത്. നസ്രീനയുടെ രണ്ട് മൊബൈൽ ഫോണുകളും പ്രതി അദ്നാന്റെ ഫോണും വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്തു. പ്രതി ആത്മഹത്യ ചെയ്തതിന് പിന്നാലെ മറ്റാരെങ്കിലും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചോ എന്നതിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
അദ്നാൻ തൂങ്ങിമരിച്ച മുറിയിൽ നിന്ന് ഒരു ഫോൺ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. എന്നാൽ മറ്റു മൂന്ന് ഫോണുകൾ കിണറ്റിൽ എങ്ങനെ എത്തി എന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. പ്രതി മരണപ്പെട്ട ശേഷം ഫോണുകൾ നശിപ്പിക്കാൻ കുടുംബാംഗങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്ന ബഹളത്തിനിടയിലാണ് അദ്നാൻ അടുക്കള വാതിൽ വഴി അകത്തുകടന്നത്. നസ്രീനയുടെ വല്യുമ്മയുടെ തലയണയ്ക്കടിയിൽ നിന്ന് താക്കോൽ എടുത്ത് അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെയാകാം കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലെ കിണറ്റിൽ ഫോണുകൾ കണ്ടെത്തിയ സാഹചര്യത്തിൽ നസ്രീനയുടെ ബന്ധുക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. കണ്ടെടുത്ത ഫോണുകൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇതിലെ വിവരങ്ങൾ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് പോലീസ് കരുതുന്നു. വ്യക്തിപരമായ പകയും മോഷണശ്രമവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് മ്യൂസിയം പോലീസ് നിലവിൽ.



