ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഐഎംഎഫ് അലർട്ട്… ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കും വിലക്കയറ്റത്തിലേക്കും…

പശ്ചിമേഷ്യയിൽ മുറുകുന്ന യുദ്ധഭീതി ആഗോള സമ്പദ്‌വ്യവസ്ഥയെ തകർത്തെറിയുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ ഗുരുതര മുന്നറിയിപ്പ്. സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ്, ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഐഎംഎഫ് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ, പ്രകൃതിവാതകം, വളം എന്നിവയുടെ വിതരണം തടസ്സപ്പെടുന്നത് എല്ലാ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങളെ ഒരുപോലെ ബാധിക്കുമെന്ന് ഐഎംഎഫ് പുറത്തിറക്കിയ വിശകലന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ആഗോള ഭക്ഷ്യവിപണിയെയും ഊർജ്ജ വിപണിയെയും ഇതിനോടകം തന്നെ പിടിച്ചുലച്ചിരിക്കുകയാണ്. 2026-ന്റെ ആദ്യ പകുതിയോടെ ആഗോള ഭക്ഷ്യവിലയിൽ 15% മുതൽ 20% വരെ വർദ്ധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ഭയപ്പെടുന്നു. നിലവിൽ അസംസ്‌കൃത എണ്ണവില ബാരലിന് 116 ഡോളർ വരെ ഉയർന്നത് വികസ്വര രാജ്യങ്ങൾക്കടക്കം വലിയ തിരിച്ചടിയാകും. പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നത് ഉൽപ്പാദന ചെലവ് കൂട്ടുകയും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകുകയും ചെയ്യും. ഇത് നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്നും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയർ ഗോറിഞ്ചാസ് വ്യക്തമാക്കി.



