ഇത് നാണക്കേട്, ജനങ്ങളോടുള്ള വെല്ലുവിളി…. മുഖ്യമന്ത്രി ചർച്ചകളിൽ ഖർഗെയ്ക്ക് കത്തയച്ച് ബെന്നി ബെഹനാൻ

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ യുഡിഎഫിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് ബെന്നി ബെഹനാൻ എംപി. ഇത്തരം പ്രവണതകൾ കോൺഗ്രസിന് നാണക്കേടാണെന്നും ഇത് ഉടൻ അവസാനിപ്പിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു.
യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ ജനം വോട്ട് രേഖപ്പെടുത്തിയെന്ന് കരുതുന്ന ഘട്ടത്തിൽ, ഫലം വരും മുൻപേ മുഖ്യമന്ത്രി പദത്തിനായി തർക്കിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബെന്നി ബെഹനാൻ ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ ചില നേതാക്കളെ മുൻനിർത്തി അണികൾ നടത്തുന്ന മുഖ്യമന്ത്രി പ്രചാരണം വോട്ടർമാരെ അവഹേളിക്കുന്നതിന് തുല്യമാണ്. പത്ത് വർഷത്തിന് ശേഷം അധികാരം ലഭിക്കാനിരിക്കെ ഇത്തരം നീക്കങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. പാർട്ടിക്കുള്ളിലെ ഈ ‘മുഖ്യമന്ത്രി കസേരകളി’ അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.



