സഭയിൽ ആരെ നോക്കി സംസാരിക്കണം… നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും…

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വീണ്ടും നേർക്കുനേർ വാക്പോര്. വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കിടെ സഭയിൽ ആരെ നോക്കി സംസാരിക്കണം എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ രൂക്ഷമായ വാഗ്വാദത്തിലേക്ക് നയിച്ചത്. താൻ പറയുന്ന കാര്യങ്ങൾ തന്നെയാണല്ലോ മുഖ്യമന്ത്രിയും ആവർത്തിക്കുന്നത്, അതിനാൽ ഇനി ഭരണപക്ഷത്തിന് പകരം പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്ന് പരിഹസിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഈ വിഷയത്തിന് തുടക്കമിട്ടത്.
എന്നാൽ ഇതിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. ഓരോരുത്തർക്കും അവരുടേതായ ശൈലിയുണ്ടെന്നും അതിനെ പരിഹസിക്കരുതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. തങ്ങളുടെ നിരയിൽ 102 പേരുള്ളതിനാൽ ഭരണപക്ഷത്തേക്ക് നോക്കാൻ തനിക്ക് അഭിമാനമേ ഉള്ളൂവെന്നും എന്നാൽ, മുൻപ് ഭരണപക്ഷത്തായിരുന്നവരെ ഇന്നത്തെ 35 പേരുടെ ചെറിയ പ്രതിപക്ഷ നിരയിലേക്ക് ഒതുക്കിയതിന്റെ ഉത്തരവാദിത്വം ഉള്ളതുകൊണ്ടാകാം പ്രതിപക്ഷ നേതാവിന് സ്വന്തം പക്ഷത്തേക്ക് നോക്കാൻ ചിലപ്പോൾ മടി തോന്നുന്നത് എന്നും മുഖ്യമന്ത്രി പരിഹസിച്ചു. എന്നാൽ താൻ ആരുടെയും ശൈലിയെ വിമർശിക്കുകയല്ല ചെയ്തതെന്നും, താൻ പറഞ്ഞ കാര്യം മുഖ്യമന്ത്രി ശരിയായ രീതിയിൽ മനസ്സിലാക്കണമെന്നും പിണറായി വിജയൻ മറുപടി നൽകി. ഇതിനിടയിൽ തർക്കം രൂക്ഷമായതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു. പരസ്പരം തർക്കിക്കാതെ സഭാ ചട്ടപ്രകാരം അംഗങ്ങൾ സ്പീക്കറെ നോക്കി സംസാരിക്കണമെന്ന് അദ്ദേഹം റൂളിംഗ് നൽകി.



