നിതിന്റെ കുടുംബത്തിന് CPIM വീട് വെച്ചു നല്‍കും…എ എ റഹീം എംപി…

തിരുവനന്തപുരം: ജീവനൊടുക്കിയ ബിഡിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് സിപിഐഎം വീട് വെച്ചുനല്‍കുമെന്ന് എഎ റഹീം എംപി. ഏപ്രില്‍ 19ന് വൈകുന്നേരം 5 മണിക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വീടിന് തറക്കല്ലിടുമെന്നും എ എ റഹീം അറിയിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വീട് നിര്‍മ്മിക്കാന്‍ തീരുമാനമായത്.
മിന്നല്‍ വേഗതയില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും റഹീം പറഞ്ഞു. നിതിന്റെ കുടുംബത്തിന് വീട് വെച്ചുനല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് ‘പ്രഖ്യാപിച്ചതിന്റെ പലദുരനുഭവങ്ങളും നമ്മുടെ നാട്ടിലുണ്ടല്ലോ. വീട് വെച്ചുനല്കുമെന്ന ഞങ്ങളുടെ തീരുമാനം സംബന്ധിച്ച് നിതിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അവിടെ തന്നെ വീട് വെച്ചുനല്‍കാനാണ് കുടുംബം നിര്‍ദ്ദേശിച്ചത്’ എന്നാണ് എ എ റഹീമിന്റെ മറുപടി.



