ആന്തൂർ കോട്ടയിൽ പുകച്ചിൽ… സിപിഐഎം നേതൃത്വത്തിനെതിരെ ‘ആന്തൂർ സഖാക്കൾ’…. ഫേസ്ബുക്കിൽ രൂക്ഷവിമർശനം

കണ്ണൂർ: സിപിഐഎമ്മിന്റെ കരുത്തുറ്റ കേന്ദ്രമായ തളിപ്പറമ്പിലെ ആന്തൂരിൽ പാർട്ടി നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. ‘ആന്തൂർ സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. സംഭവം വിവാദമായതോടെ പോസ്റ്റ് പേജിൽ നിന്ന് പിൻവലിച്ചെങ്കിലും പാർട്ടിനുള്ളിലെ ഭിന്നത ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ആന്തൂരിൽ ചില നേതാക്കൾ സ്വന്തം സാമ്രാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നാണ് പോസ്റ്റിലെ പ്രധാന ആക്ഷേപം. നേതാക്കളുടെ തെറ്റായ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെയും വിമർശിക്കുന്നവരെയും ബിജെപിക്കാരനായി മുദ്രകുത്താനാണ് ശ്രമം നടക്കുന്നത്. ആരും ജനിക്കുമ്പോൾ ബിജെപിയാകുന്നില്ലെന്നും, ചില നേതാക്കളുടെ പ്രവർത്തനരീതിയാണ് ആളുകളെ മറ്റ് രാഷ്ട്രീയത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.
നേതാക്കളുടെ പ്രവൃത്തികൾ ആന്തൂരിൽ വർഗീയ ശക്തികൾക്ക് വിത്തുപാകാൻ സഹായിക്കുന്നുവെന്നും സഖാക്കൾ മുന്നറിയിപ്പ് നൽകുന്നു. ബ്രാഞ്ച് യോഗങ്ങളിൽ വിമർശനം ഉന്നയിച്ചാൽ അയാൾ പാർട്ടിക്കെതിരെ എന്ന നിലപാടാണ് ഇപ്പോഴും തുടരുന്നത്. തിരുത്തപ്പെടേണ്ടവ തിരുത്തിയില്ലെങ്കിൽ പാർട്ടിയുടെ അടിത്തറ ഇളകുമെന്നും, ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്താൻ നേതൃത്വം തയ്യാറാകണമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. നേതാക്കൾ തിരുത്താൻ തയ്യാറാകാത്ത പക്ഷം മറ്റ് രാഷ്ട്രീയ-വർഗീയ പാർട്ടികൾ ആന്തൂരിൽ വളരാനുള്ള സാഹചര്യമുണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. പാർട്ടി ഗ്രാമത്തിലെ ഈ ആഭ്യന്തര കലഹം വരും ദിവസങ്ങളിൽ നേതൃത്വത്തിന് വലിയ തലവേദനയാകുമെന്നുറപ്പാണ്.



