മനുഷ്യൻ വേണ്ട, മെഷീൻ മതി… പുല്ല് വെട്ടാൻ പുതിയ വഴിയുമായി വിദ്യാർത്ഥികൾ

കൊച്ചി: മനുഷ്യ സഹായം ഇല്ലാതെ തന്നെ പുരയിടങ്ങളിലെ പുല്ലും കാടും വെട്ടാനാകുന്ന സാങ്കേതിക വിദ്യയുമായി എൻജിനിയറിങ് വിദ്യാർത്ഥികൾ രംഗത്ത്. നെല്ലിമറ്റം എംബിറ്റ്സ് എൻജിനിയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികളാണ് റിമോട്ട് നിയന്ത്രിത ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ചത്.പെട്രോൾ, ഡീസൽ ഉപയോഗിക്കുന്ന പരമ്പരാഗത ഗ്രാസ് കട്ടറുകൾ സൃഷ്ടിക്കുന്ന കാർബൺ പുറന്തള്ളലും ശബ്ദ മലിനീകരണവും ഒഴിവാക്കുന്ന രീതിയിലാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ ശബ്ദരഹിതവും പരിസ്ഥിതി സൗഹൃദവുമായ സംവിധാനമാണിത്.12 വോൾട്ട് വീതം രണ്ട് ബാറ്ററികളും 20 വോൾട്ട് ബാറ്ററിയും ചേർന്നാണ് മെഷീൻ പ്രവർത്തിക്കുന്നത്. ഇതിലൂടെ ഉപകരണത്തിലെ അഞ്ച് മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നു. മൈക്രോ കൺട്രോളർ അധിഷ്ഠിത നിയന്ത്രണ സംവിധാനം പ്രവർത്തന ഏകോപനവും വൈദ്യുത കാര്യക്ഷമതയും ഉറപ്പാക്കുന്നു.അവസാന വർഷ വിദ്യാർത്ഥികളായ കാതറിൻ മറിയം പോൾ, ബേസിൽ ജോയ്, എ എസ് അൽഫാസ്, ജോസിയാ ജേക്കബ് എന്നിവർ അസോസിയേറ്റ് പ്രൊഫസർ ഡോ. തോമസ് ജോർജിന്റെ മാർഗനിർദേശത്തിൽ ചേർന്നാണ് ഈ നവീന ഉപകരണം വികസിപ്പിച്ചത്.10 സെന്റ് സ്ഥലത്തെ പുല്ല് നീക്കം ചെയ്യാൻ ഏകദേശം 15 മിനിറ്റ് മതിയെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. റിമോട്ട് ഉപയോഗിച്ച് ദൂരനിയന്ത്രണം സാധ്യമാകുന്നതിനാൽ മനുഷ്യ ഇടപെടൽ കുറഞ്ഞ സുരക്ഷിത സംവിധാനമായി ഇത് മാറുന്നു.പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ ഉപകരണം, ഭാവിയിൽ കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Back to top button