ശ്രീക്കുട്ടിക്ക് സര്‍ക്കാര്‍ സഹായം ഇല്ലെന്ന് പരാതി… വര്‍ക്കല ട്രെയിന്‍ ആക്രമണത്തിന് ശേഷം തുടര്‍ചികിത്സ പ്രതിസന്ധിയില്‍
തിരുവനന്തപുരം: വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമല്ലെന്ന പരാതി. നിലവില്‍ മഞ്ചേരിയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്.സ്വബോധത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം സര്‍ക്കാര്‍ അധികൃതര്‍ ആരും സന്ദര്‍ശിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ശ്രീക്കുട്ടി പറയുന്നു. ചികിത്സ തുടരാന്‍ സര്‍ക്കാര്‍ സഹായം അനിവാര്യമാണെന്നും, സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണെന്നും കുടുംബം വ്യക്തമാക്കി.2025 നവംബര്‍ ആദ്യവാരത്തില്‍ കേരള എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ലഹരിക്കടിമയായ സഹയാത്രികന് ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി ദീര്‍ഘകാലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയായിരുന്നു.തലച്ചോറിന് ഗുരുതരമായ ക്ഷതവും ഇടത് തോള് പരിക്കുകളും ഉണ്ടായിരുന്ന ശ്രീക്കുട്ടിക്ക് ശ്വസനത്തിനായി ട്രക്കിയോസ്റ്റമിയും ഭക്ഷണത്തിനായി ഫീഡിംഗ് ട്യൂബും ഘടിപ്പിച്ചിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ ലഭിച്ചിരുന്നു.ന്യൂറോ റീഹാബിലിറ്റേഷന്‍ പദ്ധതിയുടെ ഭാഗമായി ഓക്സിജന്‍ തെറാപ്പി, ശ്വസന വ്യായാമങ്ങള്‍, വിഴുങ്ങല്‍ പരിശീലനം, ഓര്‍മ്മശക്തിയും ചിന്താശേഷിയും വീണ്ടെടുക്കാനുള്ള ചികിത്സകള്‍, ചലനശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം എന്നിവ ഉള്‍പ്പെടുന്ന സമഗ്ര ചികിത്സയാണ് നല്‍കിയിരിക്കുന്നത്.ഇഎന്‍ടി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്സ്, ന്യൂറോളജി, എന്‍ഡോക്രൈനോളജി, ഗ്യാസ്ട്രോഎന്ററോളജി വിഭാഗങ്ങളുടെ ഏകോപിത പ്രവര്‍ത്തനമാണ് ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാക്കിയത്. എന്നാല്‍ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം ലഭ്യമാകാത്തത് കുടുംബത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
