ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയ വയോധികനെ മർദ്ദിച്ച് ബസിൽ നിന്ന് തള്ളിയെന്ന പരാതി…. KSRTC ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം: ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയ വയോധികനെ കെഎസ്ആർടിസി ഡ്രൈവർ കമ്പി കൊണ്ട് മർദ്ദിക്കുകയും ബസിൽ നിന്ന് ചവിട്ടി തള്ളുകയും ചെയ്തതായി പരാതി. വട്ടപ്പാറ സ്വദേശിയായ ഭദ്രനാണ് ദുരനുഭവം നേരിട്ടത്.തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നും കുറ്റിയാണിയിലേക്ക് പോയ ബസ്സിലായിരുന്നു സംഭവം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ദിവസമായതിനാൽ ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു.ചാല മാർക്കറ്റിൽ കച്ചവടം നടത്തുന്ന ഭദ്രൻ വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്താതെ മറ്റൊരു സ്റ്റോപ്പിൽ നിർത്തിയതിനെ തുടർന്ന് പ്രശ്നങ്ങൾ ആരംഭിച്ചതായി പറയുന്നു.ഇറങ്ങുന്നതിനിടെ വേഗം കാണിക്കാൻ ഡ്രൈവർ ആവശ്യപ്പെട്ടപ്പോൾ, കാലിന് അസ്വസ്ഥതയുള്ളതിനാൽ പതുക്കെ മാത്രമേ ഇറങ്ങാൻ കഴിയുകയുളൂവെന്ന് ഭദ്രൻ അറിയിച്ചെങ്കിലും, ഡ്രൈവർ അത് അംഗീകരിച്ചില്ലെന്നാണ് പരാതി. തുടർന്ന് പ്രകോപിതനായ ഡ്രൈവർ കമ്പി കൊണ്ട് മർദ്ദിക്കുകയും ബസിൽ നിന്ന് ചവിട്ടി തള്ളുകയും ചെയ്തുവെന്നാണ് ആരോപണം.മർദ്ദനത്തിൽ ഭദ്രന്റെ തലയിൽ ഗുരുതര പരിക്കേറ്റു. അഞ്ചോളം സ്റ്റിച്ചുകൾ ഇടേണ്ടിവന്നതായും വാരിയെല്ലിനും പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ബന്ധുക്കളാണ് ഭദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംഭവത്തിൽ ഭദ്രൻ കേരള പോലീസ് കീഴിലുള്ള വട്ടപ്പാറ പോലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button