പൈപ്പിടാൻ റോഡ് പൊളിച്ചു…. 6 മാസം കഴിഞ്ഞിട്ടും ടാറിംഗില്ല…. യുദ്ധം കാരണം ടാറില്ലെന്ന് വാട്ടർ അതോറിറ്റി

തൃശൂർ: കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് മാസങ്ങൾ പിന്നിട്ടിട്ടും പുനർനിർമ്മിക്കാത്തതിനെത്തുടർന്ന് ജനങ്ങൾ ദുരിതത്തിൽ. ദേശീയപാതയ്ക്ക് സമാന്തരമായി ചേറ്റുവ മുതൽ മതിലകം വരെയുള്ള പാതയിലെ 15 കിലോമീറ്ററോളം ഭാഗമാണ് കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ തകർന്നു കിടക്കുന്നത്.ഒരു മീറ്ററോളം വീതിയിൽ ചാലുകീറി പൈപ്പിട്ട ശേഷം വലിയ കട്ടക്കല്ലുകൾ വിരിക്കുക മാത്രമാണ് ചെയ്തത്. ടാറിംഗ് നടത്താത്തതിനാൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും റോഡ് വെല്ലുവിളിയായി മാറിയിരിക്കുന്നു. റോഡ് ഉറപ്പിക്കാത്തതിനാൽ വാഹനങ്ങൾ കയറി പലയിടത്തും പൈപ്പുകൾ പൊട്ടുന്നതും പതിവായിട്ടുണ്ട്. ഇതോടെ റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും ശുദ്ധജലം പാഴാവുകയും ചെയ്യുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ടാറിന് ക്ഷാമം നേരിടുന്നതാണ് പ്രവൃത്തി വൈകാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ വിശദീകരണം. കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്നും പണി ഉടൻ തുടങ്ങുമെന്നും അധികൃതർ പറയുന്നുണ്ടെങ്കിലും പി.ഡബ്ല്യു.ഡിയും വാട്ടർ അതോറിറ്റിയും ഉത്തരവാദിത്തം പരസ്പരം കൈമാറുകയാണ്. ദേശീയപാതയിലെ തിരക്ക് ഒഴിവാക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ബദൽ പാത ഇത്തരത്തിൽ തകർന്നു കിടക്കുന്നത് ഈ ഭാഗത്തെ ഗതാഗത സംവിധാനത്തെയാകെ ബാധിച്ചിട്ടുണ്ട്.



