‘പുഴുത്ത പട്ടിയെപ്പോലെ എന്ന് വിളിച്ച് അധിക്ഷേപിച്ചു’…. നിധിൻ രാജിന്റെ മരണത്തിൽ എച്ച്ഒഡിക്കെതിരെ ജാതി അധിക്ഷേപ പരാതി

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം. വകുപ്പ് മേധാവിയിൽ (HOD) നിന്നുള്ള നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നിധിന്റെ മരണത്തിന് കാരണമായതെന്ന് പിതാവ് രാജൻ ആരോപിച്ചു.

നിധിന്റെ നിറത്തെയും ജാതിയെയും ചൊല്ലി വകുപ്പ് മേധാവി കുട്ടികളുടെ മുന്നിൽ വെച്ച് നിരന്തരം അപമാനിച്ചിരുന്നു. “പുഴുത്ത പട്ടിയെപ്പോലെയാണ് നിന്നെ കാണുന്നത്” എന്ന് പോലും എച്ച്ഒഡി പറഞ്ഞിരുന്നതായി പിതാവ് വെളിപ്പെടുത്തി. കോളജിൽ നിധിൻ ക്രൂരമായ റാഗിംഗിന് ഇരയായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്നിട്ടും അധ്യാപകരിൽ ചിലർക്ക് അവനോട് വിരോധമായിരുന്നു. നിധിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്നും കുടുംബം വിശ്വസിക്കുന്നു.

സംഭവത്തിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. എന്നാൽ അധ്യാപകർക്കെതിരെ നിധിൻ മുൻപ് പരാതികളൊന്നും നൽകിയിട്ടില്ലെന്നാണ് മാനേജ്‌മെന്റ് വാദം. തിരുവനന്തപുരം സ്വദേശിയായ നിധിൻ രാജ് ഇന്നലെയാണ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. വൈകുന്നേരം വരെ വീട്ടുകാരുമായി സന്തോഷത്തോടെ സംസാരിച്ച മകൻ ഒരിക്കലും ഇത്തരമൊരു നിലപാട് എടുക്കില്ലെന്നും കുടുംബം കണ്ണീരോടെ പറയുന്നു.

Related Articles

Back to top button