പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒയ്ക്ക് സസ്പെൻഷൻ

പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പൊലീസുകാർ തമ്മിലടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി. സിപിഒ കിരണിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ സിപിഒ വിശാഖിനെ മർദിച്ചതിലാണ് നടപടി.പൊലീസ് ആസ്ഥാനത്തു ഗാർഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ മ്യൂസിയം സേറ്റേഷനിലെ പൊലീസുകാരനെ മർദ്ദിച്ചുവെന്നാണ് പരാതി. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തമ്മിലടിയിലെത്തിയത്. അമ്മയെ അസഭ്യം പറഞ്ഞെന്ന് കിരണും പരാതി നൽകിയിരുന്നു. ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായത്.
പൊലീസ് ആസ്ഥാനത്തെ ഗേറ്റിൽ വാഹന പരിശോധനക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനാണ് കിരൺ. ഏപ്രിൽ രണ്ടിന് ഉച്ചക്ക് വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ വിശാഖിനെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഗതാഗതം നിയന്ത്രിക്കാൻ നിയോഗിച്ചിരുന്നു. ഈ സമയം ഒരു സ്ത്രീ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്തു. വാഹനം മാറ്റി പാർക്ക് ചെയ്യാൻ വിശാഖ് ആവശ്യപ്പെട്ടതോടെ അവർ വണ്ടി മാറ്റിയിട്ടു. ഇതിന് പിന്നാലെ അവിടെ എത്തിയ കിരൺ തനിക്ക് ഭക്ഷണവുമായി വന്ന അമ്മയോട് വിശാഖ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഉന്തും തള്ളുമായതോടെ ഗേറ്റിലുണ്ടായിരുന്ന മറ്റു പൊലീസുകാരാണ് ഇവരെ പിടിച്ചുമാറ്റിയത്.



