‘ബിജെപി പരാജയം സമ്മതിച്ചു, മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്’; പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് ആണ് ഷാഫി പ്രതികരിച്ചത്. ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയും തള്ളിക്കളയുമെന്നും ഷാഫി പറഞ്ഞു. ബിജെപി പരാജയം സമ്മതിച്ചുകഴിഞ്ഞെന്ന് പറഞ്ഞ ഷാഫി പറമ്പിൽ മാറാത്തത് ഇനി മാറും എന്ന് ബിജെപി പറഞ്ഞത് ഇതാണെന്നും പരിഹസിച്ചു. ശോഭ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കണം എന്നും ഷാഫി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു എന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകരാണ് പുറത്തുവിട്ടത്. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേരളം പോളിംഗ് ബൂത്തിലെത്താൻ കേവലം മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനും ബിജെപിക്കും അപ്രതീക്ഷിത അടിയായി മാറിയിരിക്കുകയാണ് ഈ സംഭവം. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബിജെപി പ്രവർത്തകർ പണം നൽകിയതിന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മണ്ഡലത്തിലെ സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ ഒരു സ്ത്രീ വയോധികക്ക് പണം കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകരോട് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ തട്ടിക്കയറുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദ്യം തനിക്ക് പണം കിട്ടിയെന്ന് പറഞ്ഞ വയോധിക ഉടനെ തിരുത്തി പറഞ്ഞു. പണം നൽകിയ സ്ത്രീയെ വയോധികയ്ക്ക് അറിയില്ല എന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ശോഭ സുരേന്ദ്രന്റെ വാദം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരാണ് വയോധികയ്ക്ക് പണം നൽകിയ സ്ത്രീ എന്ന മാധ്യമങ്ങളുണ്ട് ചോദ്യത്തിന് ശോഭ സുരേന്ദ്രൻ വ്യക്തമായ മറുപടി നൽകിയില്ല. തൻറെ കാറിൽ ആ സ്ത്രീ സഞ്ചരിച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും ശോഭയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.



