‘മൊബൈൽ നുറുക്കും, കരണക്കുറ്റി പൊളിക്കും’… പാലക്കാട് വോട്ട് കോഴ വിവാദത്തിൽ വീഡിയോ എടുത്തവർക്കെതിരെ ശോഭാ സുരേന്ദ്രന്റെ ഭീഷണി

പാലക്കാട്: വോട്ടെടുപ്പിന് തൊട്ടുമുമ്പ് പാലക്കാട് മണ്ഡലത്തിൽ നാടകീയ രംഗങ്ങൾ. ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ വീഡിയോ ചിത്രീകരിച്ച വ്യക്തിയെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പരസ്യമായി ഭീഷണിപ്പെടുത്തി. “തന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്താൽ അടിച്ച് കരണക്കുറ്റി പൊളിക്കുമെന്നും മൊബൈൽ ഫോൺ പിടിച്ച് നുറുക്കിക്കളയുമെന്നുമാണ്” ശോഭയുടെ ഭീഷണി.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ഒരു വൃദ്ധയ്ക്ക് ബിജെപി പ്രവർത്തകർ 5,000 രൂപ നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു. ഈ സമയം ശോഭാ സുരേന്ദ്രൻ വാഹനത്തിൽ ഉണ്ടായിരുന്നു. പണം സ്വീകരിച്ച യുവതി തന്റെ വല്ല്യമ്മയാണെന്നാണ് ശോഭാ സുരേന്ദ്രന്റെ വാദം. ദൃശ്യങ്ങൾ പകർത്തിയ പ്രവർത്തകരോട് “കൂടുതൽ വിലസേണ്ട” എന്ന് ആക്രോശിച്ച ശോഭ, അവരുടെ ദൃശ്യങ്ങൾ തിരിച്ചു പകർത്താനും ശ്രമിച്ചു. തന്റെ അനുവാദമില്ലാതെ വീഡിയോ എടുത്താൽ കടുത്ത നടപടിയുണ്ടാകുമെന്നും സ്ഥാനാർത്ഥി താക്കീത് നൽകി.
പണം വിതരണം ചെയ്തെന്ന പരാതി ഗൗരവകരമായി കണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ പാലക്കാട് ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് സ്ഥലത്തെത്തി അന്വേഷണം നടത്തി. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഈ ദൃശ്യങ്ങളും ഭീഷണിയും ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.



