ആലുവയിൽ 12 വയസുകാരിയെ കാണാതായിട്ട് നാലാം ദിവസം…

ആലുവ: എറണാകുളം ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓണായതായി പൊലീസ് കണ്ടെത്തി. ആദ്യം കാസർകോട്, തുടർന്ന് മംഗളൂരു, പിന്നീട് മുംബൈ എന്നിവിടങ്ങളിലാണ് ഫോണിന്റെ ലൊക്കേഷൻ ലഭിച്ചത്. എന്നാൽ ഫോൺ വീണ്ടും വീണ്ടും സ്വിച്ച് ഓഫ് ആകുന്നത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയ കുട്ടി പിന്നീട് വീട്ടിലെത്തിയില്ല. വൈകുന്നേരമായിട്ടും മടങ്ങിയെത്താതിരുന്നതോടെ കുടുംബം സ്വന്തം നിലയിൽ തിരച്ചിൽ നടത്തിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നിർണായക ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. നിലവിൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഒന്നിലധികം പൊലീസ് സംഘങ്ങളാണ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തുന്നത്. അതേസമയം, അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം ആരോപിച്ചു. അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പങ്കുവയ്ക്കുന്നില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി ഫോൺ ലൊക്കേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ആലുവ വെസ്റ്റ് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് വിഭാഗങ്ങളുമായും ഏകോപനം ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button