പ്രിയങ്കഗാന്ധി എം.പി. തങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചില്ലെന്ന് ആരോപണം; ബത്തേരി സ്വതന്ത്രമൈതാനിയിൽ ഉപവാസമിരുന്ന് ആത്മഹത്യചെയ്ത എൻ.എം. വിജയന്റെ കുടുംബം

യുഡിഎഫിനെതിരെ ബത്തേരി സ്വതന്ത്രമൈതാനിയിൽ ഉപവാസമിരുന്ന് ആത്മഹത്യചെയ്ത എൻ.എം. വിജയന്റെ കുടുംബം. പ്രിയങ്കഗാന്ധി എം.പി. തങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചില്ലെന്നും എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയിൽ കുറ്റക്കാരായവരെ മാറ്റിനിർത്തുമെന്ന വാക്കുപാലിക്കാതെയാണ് കേസിൽ പ്രതിചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഉപവാസം.
‘നീതിക്കായി ഉപവാസം’ എന്ന മുദ്രാവാക്യവുമായി മകൻ വിജേഷും മരുമകൾ പദ്മജയും മൂന്ന് മക്കളുമാണ് സ്വതന്ത്രമൈതാനിയിൽ ചൊവ്വാഴ്ച രാവിലെ 11-ഓടെ ഉപവാസം തുടങ്ങിയത്. പത്തോടെ ഗാന്ധി സ്ക്വയറിന് സമീപം പന്തലിട്ടെങ്കിലും ഇവിടെ ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് പന്തൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് പന്തൽ പൊളിച്ചുനീക്കി. സ്വതന്ത്രമൈതാനിയിൽ സി.പി.എം. തിരഞ്ഞെടുപ്പ് പരിപാടിക്ക് നഗരസഭയിൽ ബുക്ക് ചെയ്തിരുന്നതിനാൽ ഉപവാസം ഇവിടേക്ക് മാറ്റുകയായിരുന്നു. പ്രിയങ്കാഗാന്ധി പങ്കെടുക്കുന്ന യു.ഡി.എഫിന്റെ റോഡ് ഷോ ഉള്ളതിനാൽ ടൗണിൽ കനത്ത പോലീസ് സന്നാഹം ഉണ്ടായിരുന്നു. എന്നാൽ, റോഡ് ഷോയ്ക്ക് ശേഷം കാറിലെത്തിയ പ്രിയങ്ക ചുങ്കത്തെ പ്രത്യേകവേദിയിൽ പ്രസംഗിക്കുകയാണ് ചെയ്തത്. 12-ഓടെ അസംപ്ഷൻ ജങ്ഷനിൽ തുടങ്ങിയ റോഡ് ഷോ സ്വതന്ത്രമൈതാനിക്ക് സമീപമെത്തിയപ്പോഴേക്കും അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ പോലീസ് പ്രത്യേക കരുതലെടുത്തു. മൈതാനിക്ക് മുന്നിലെ റോഡിൽ മഹാരാഷ്ട്ര പോലീസ് സംഘത്തെ കൊണ്ടുവന്ന ബസ് പാർക്ക് ചെയ്തിട്ടു. ഇരുവശവും പോലീസും നിരന്നു.
റോഡ് ഷോ സ്വതന്ത്രമൈതാനിക്ക് സമീപത്തെത്തിയപ്പോൾ യു.ഡി.എഫ്. പ്രവർത്തകർ അല്പനേരം മുദ്രാവാക്യം വിളികളും കൂവലുമായി നിന്നു. നേതാക്കൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഒന്നരയോടെ പ്രിയങ്കഗാന്ധി കാറിൽ ഇതുവഴി കടന്നുപോയി. രണ്ടോടെ ഇവർ ഉപവാസം അവസാനിപ്പിച്ചു. ഡി.സി.സി. ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യാപ്രേരണാ കേസിലും സഹകരണബാങ്കിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ടുള്ള വിജിലൻസ് കേസിലും ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതിയാണ്. ഇവരെ തിരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്തുമെന്ന് പ്രിയങ്കാഗാന്ധി എം.പി. ഉൾപ്പെടെ പറഞ്ഞിരുന്നു. എന്നാൽ, വാക്കുപാലിക്കാത്തതിനാലാണ് കുടുംബം സത്യാഗ്രഹമിരുന്നത്.



