താൽക്കാലിക ആശ്വാസം, പാക് ഇടപെടലിനോട് അനുകൂല നിലപാടുമായി ട്രംപ്..

ഇറാനെതിരായ അന്ത്യശാസനം നീട്ടണം എന്ന് പാകിസ്ഥാൻ നിർദ്ദേശത്തിന് അംഗീകാരവുമായി ട്രംപ്. രണ്ടാഴ്ച കൂടി നീട്ടണം എന്നാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നത്. രണ്ടാഴ്ചത്തേക്ക് ഇറാനിൽ വെടിനിർത്തലിന് താൻ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് വിശദമാക്കി. ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഞാൻ സമ്മതിക്കുന്നു എന്നാണ് അമേരിക്കൻ പ്രസിഡന്റ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. ഇറാനുമായി ഒരു ദീർഘകാല സമാധാന കരാർ ചർച്ചകളിൽ നല്ല പുരോഗതിയെന്നും ട്രംപ്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായതായി ട്രംപ്. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫുമായും, ഫീൽഡ് മാർഷൽ അസീം മുനീറുമായി നടത്തിയ സംഭാഷണങ്ങൾക്ക് ശേഷമാണ് തീരുമാനമെന്ന് ട്രംപ്.



