‘കോൺഗ്രസിന്റേത് വെറും പ്രചാരണ പത്രിക, ഇടതിന്റേത് പ്രവർത്തന പത്രിക’….. യുഡിഎഫിനെതിരെ ആഞ്ഞടിച്ച് എം.എ. ബേബി

കേരളത്തെ ഒരു രക്ഷിതാവിനെപ്പോലെ കാത്തുസൂക്ഷിച്ച സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സീപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. വയനാട് പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതിപക്ഷ നേതാവും കോൺഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബഫർസോൺ വിഷയത്തിൽ ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കാനാണ് പ്രകടന പത്രികയിൽ തിരുത്തൽ വരുത്തിയത്. ഇടതുപക്ഷത്തിന്റേത് വെറും വാഗ്ദാനങ്ങളല്ല, മറിച്ച് ‘പ്രവർത്തന പത്രിക’യാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലേക്ക് ആളെ വിട്ടുനൽകുന്ന പാർട്ടിയായി കോൺഗ്രസ് മാറി. വയനാട് വീട് നിർമ്മാണം തുടങ്ങിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദം വെറും കള്ളമാണ്. യുഡിഎഫിന്റെയും ബിജെപിയുടെയും പത്രികകൾ വെറും ‘പ്രചാരണ പത്രികകൾ’ മാത്രമാണ്.

ആർഎസ്എസിന്റെ ഫാസിസ്റ്റ് നിലപാടുകളാണ് ഏറ്റവും വലിയ ശത്രു. ഇസ്ലാമിക രാഷ്ട്രവാദം ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിനുള്ള ബന്ധം എന്തുകൊണ്ട് ചർച്ചയാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് യുഡിഎഫിന്റെ ആവശ്യപ്രകാരമാണെന്നും ബേബി ആരോപിച്ചു. ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ‘ഡീൽ’ ആരോപണങ്ങൾ ഉയർത്തുന്നത്. എന്നാൽ ഒരു രക്ഷിതാവിനെപ്പോലെ ജനങ്ങളെ സംരക്ഷിച്ച സർക്കാരിനൊപ്പം ജനങ്ങൾ നിൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നേമത്തെ വോട്ട് സംബന്ധിച്ച വിവാദങ്ങളിൽ, ബിജെപി ജയിക്കാതിരിക്കാനാണ് എസ്ഡിപിഐ നിലപാട് സ്വീകരിച്ചതെന്നും ഒരാൾ വോട്ട് നൽകുമെന്ന് പറഞ്ഞാൽ വായ പൊത്തിപ്പിടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button