തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി…. പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി

കല്‍പറ്റ: വയനാട് തുരങ്കപാത നിർമാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയ കോടതി, ഹൈക്കോടതിയുടെ മുൻ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. തുരങ്കപാത സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും അത് കേരളത്തിന്റെ ‘ജീവരേഖ’യാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകുന്നത്. ഇത്തരം സമിതികളുടെ കണ്ടെത്തലുകളെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. വിദഗ്ധരല്ലേ കാര്യങ്ങൾ പരിശോധിച്ച് അഭിപ്രായം പറയേണ്ടതെന്നും സാധാരണക്കാരല്ല ഇതിൽ തീർപ്പുകൽപ്പിക്കേണ്ടതെന്നും കോടതി ചോദിച്ചു.

പദ്ധതി നടപ്പിലാക്കുമ്പോൾ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാൽ ഹർജിക്കാർക്ക് നാഷണൽ ഗ്രീൻ ട്രൈബ്യൂണലിനെ (NGT) സമീപിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. ഹൈക്കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിഗണിച്ച് പുറപ്പെടുവിച്ച വിധിയിൽ പിഴവുകളില്ലെന്ന് സുപ്രീം കോടതി വിലയിരുത്തി.

Related Articles

Back to top button