വീട് നൽകാമെന്ന് പറഞ്ഞ് ആപ്പ് വഴി പണപ്പിരിവ്… കോൺഗ്രസിനെതിരെ തൃശ്ശൂർ മുരിയാടിൽ വഞ്ചനാ ആരോപണം

തൃശ്ശൂർ: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നടത്തിയ പണപ്പിരിവ് വിവാദമാകുന്നതിനിടെ, തൃശ്ശൂർ മുരിയാടിൽ സമാനമായ രീതിയിൽ പണം പിരിച്ച് വഞ്ചിച്ചതായി ആരോപണം. മുൻ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ വി.കെ. ബാലകൃഷ്ണന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാനായി 2023-ൽ ആപ്പ് വഴി നടത്തിയ പണപ്പിരിവിലാണ് തട്ടിപ്പ് നടന്നതായി കുടുംബം പരാതിപ്പെടുന്നത്.

ആറ് മാസത്തിനുള്ളിൽ വീട് നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പണം പിരിച്ച് വർഷം ഒന്നു കഴിഞ്ഞിട്ടും വീടോ പണമോ ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. വി.കെ. ബാലകൃഷ്ണൻ ആറ് മാസം മുമ്പ് മരിച്ചു. കുടുംബം ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്. ‘ബാലേട്ടന് ഒരു വീട്’ എന്ന പേരിൽ ആപ്പ് വഴി ഏകദേശം രണ്ടര ലക്ഷം രൂപ വരെ ലഭിച്ചതായി കുടുംബത്തിന് വിവരമുണ്ട്. ഇതിന് പുറമെ ധനസമാഹരണ കമ്മിറ്റിക്ക് നേരിട്ടും പണം ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാർജറ്റിനെ വിളിച്ചപ്പോൾ സംസാരിക്കാൻ നേരമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം വെളിപ്പെടുത്തി.

പണപ്പിരിവിന് നേതൃത്വം നൽകിയ നേതാവ് ബിജെപിയിൽ ചേർന്നതാണ് വീട് നിർമ്മാണം മുടങ്ങാൻ കാരണമെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. ഡിസിസി വൈസ് പ്രസിഡന്റായിരുന്ന അനീഷ് കുമാറാണ് പണപ്പിരിവിന് നേതൃത്വം നൽകിയത്. ഇയാൾ ആ കുടുംബവുമായി നേരിട്ടായിരുന്നു ഇടപാടുകൾ നടത്തിയിരുന്നതെന്നും പണം വന്നിരുന്നത് അനീഷ് ഉണ്ടാക്കിയ ആപ്പിലേക്കാണെന്നും ജോസഫ് ടാർജറ്റ് പറഞ്ഞു. സ്ഥലം വാങ്ങാൻ ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ ബാലകൃഷ്ണന്റെ കുടുംബം ഇപ്പോൾ പാർട്ടിയുമായി സഹകരിക്കുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Related Articles

Back to top button