ലൈംഗിക അതിക്രമക്കേസ്…. രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച് ജാമ്യം നൽകണം…അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും

ലൈംഗിക അതിക്രമക്കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ തിരികെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കൂടെ കണക്കിൽ എടുത്തും രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ചും ജാമ്യം നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
ഇന്നലെ രഞ്ജിത്തുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുറ്റകൃത്യം നടന്ന ഫോര്‍ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ ക്യാരവാനിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. മൂന്നു ദിവസമായി ജയിലില്‍ തുടരുന്ന രഞ്ജിത്തിന്‍റെ റിമാന്‍ഡ് അടുത്ത ആഴ്ച വരെ നീട്ടി. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പോലീസിന് മുന്നില്‍ ആവര്‍ത്തിച്ചു. സിനിമാ സെറ്റില്‍ സംവിധായകന്‍ രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലെടുത്ത കേസിലാണ് രഞ്ജിത്തിനെ പോലീസിന് കസ്റ്റഡിയില്‍ കിട്ടിയത്.



