ഗർഭിണിയായ കാമുകിയെ വീട്ടിലെത്തിച്ചു; തുടർന്ന് ഭാര്യ പിണങ്ങി പോയതോടെ ട്രാൻസ്ഫോമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനായി ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വാര്യാപുരം സ്വദേശിയായ ആരോമൽ (23) ആണ് ഊന്നുകല്ലിലുള്ള ഭാര്യവീടിന് മുന്നിലെ ട്രാൻസ്ഫോർമറിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. മണിക്കൂറുകൾ നീണ്ട അനുനയ നീക്കങ്ങൾക്കൊടുവിൽ ഇന്ന് പുലർച്ചെയാണ് ഇയാളെ താഴെയിറക്കിയത്.

ഇന്നലെ രാത്രിയാണ് ഊന്നുകല്ലിലുള്ള ഭാര്യയുടെ വീടിനു മുന്നിലുള്ള ട്രാൻസ്ഫോമറിന് മുകളിൽ കയറി ആരോമല്‍ ഭീഷണി മുഴക്കിയത്. കാമുകിയെ ഇയാൾ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഏഴു മാസം ഗർഭിണിയായ കാമുകിയെയാണ് ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇനി തിരികെ പോകില്ലെന്നാണ് ഭാര്യയുടെ നിലപാട്. 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോമറിന് മുകളിൽ കയറി താഴേക്ക് ചാടുമെന്നായിരുന്നു ആരോമലിന്റെ ഭീഷണി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രാത്രി മുതൽ യുവാവിനെ അനുനയിപ്പിച്ചു. ഒടുവിൽ പുലർച്ചെയോടെ താഴെയിറക്കി.

Related Articles

Back to top button