വോട്ട് ചെയ്യാൻ മോഹം…. വില്ലനായി വിമാനനിരക്കും യുദ്ധവും… പ്രവാസി വോട്ടുകൾ ഇത്തവണ കുറഞ്ഞേക്കും

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്കും ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസി വോട്ടുകൾക്ക് തിരിച്ചടിയാകുന്നു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ആഗ്രഹമുണ്ടെങ്കിലും പ്രായോഗിക തടസ്സങ്ങൾ കാരണം ഭൂരിഭാഗം പ്രവാസികളും ഇത്തവണ പോളിംഗ് ബൂത്തിലെത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

ഗൾഫ് മേഖലയിലെ അസ്ഥിരമായ സാഹചര്യം പ്രവാസികളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. നാട്ടിലേക്ക് പോയാൽ യുദ്ധസാഹചര്യം രൂക്ഷമാകുകയും വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്താൽ തിരിച്ചുവരവ് പ്രതിസന്ധിയിലാകുമോ എന്ന ഭയമാണ് പലരെയും പിന്തിരിപ്പിക്കുന്നത്. സാധാരണക്കാരായ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ നാട്ടിലെത്തുക എന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. നിലവിൽ വൺവേ ടിക്കറ്റിന് മാത്രം ശരാശരി 85,000 രൂപയോളമാണ് ഈടാക്കുന്നത്. പോയി വരാനുള്ള ആകെ ചിലവ് ഒന്നര ലക്ഷം രൂപ കടക്കുമെന്നത് പ്രവാസികളെ പിന്നോട്ട് വലിപ്പിക്കുന്നു.

മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘടനകൾ മുൻകൈ എടുത്ത് കുറഞ്ഞ നിരക്കിൽ നടത്തിയിരുന്ന ചാർട്ടേഡ് വിമാന പദ്ധതികൾ ഇത്തവണ സജീവമല്ല. അമിതമായ നിരക്ക് കാരണം ഇത്തരം നീക്കങ്ങളിൽ നിന്ന് സംഘടനകളും പിൻമാറി. സൗദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒ.ഐ.സി.സി, കെ.എം.സി.സി, കേളി, നവോദയ, പ്രവാസി സംഘം, പ്രതിഭ, നവയുഗം തുടങ്ങിയ നിരവധി സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സാധാരണയായി തിരഞ്ഞെടുപ്പ് കാലത്ത് ഈ സംഘടനകളിലെ നൂറുകണക്കിന് പ്രവർത്തകർ നാട്ടിലെത്തി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കുചേരാറുണ്ട്. എന്നാൽ ഇത്തവണ യുദ്ധവും ടിക്കറ്റ് നിരക്കും വലിയ കടമ്പയായി മാറിയിരിക്കുകയാണ്.

Related Articles

Back to top button