കൊല്ലത്ത് ‘ഗുണ്ടാ അസോസിയേഷൻ’ ഓഫീസ്…. തോക്കുമായി ക്രിമിനലുകളുടെ യോഗം….. 6 പേർക്കെതിരെ കേസ്

കൊല്ലം: സംസ്ഥാനത്തെ നടുക്കി കൊല്ലം നഗരമധ്യത്തിൽ ഗുണ്ടാ അസോസിയേഷൻ ഓഫീസ് തുറക്കാൻ നീക്കം. നഗരത്തിലെ കോളേജ് ജംഗ്ഷന് സമീപം ക്രിമിനൽ സംഘം ഓഫീസ് തുടങ്ങാൻ പദ്ധതിയിട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സംഘം ഓഫീസ് ഉദ്ഘാടനത്തിന് മുന്നോടിയായി തോക്കുകളുൾപ്പെടെയുള്ള മാരകായുധങ്ങളുമായി യോഗം ചേരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ഓഫീസ് തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗുണ്ടകൾ ഒത്തുചേർന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങളിൽ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ സംഘം പ്രദർശിപ്പിക്കുന്നുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, യോഗത്തിൽ പങ്കെടുത്തത് ജില്ലയിലെ തന്നെ കൊടും ക്രിമിനലുകളാണെന്ന് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജനുവരി മാസത്തിലാണ് ഈ രഹസ്യ യോഗം നടന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആറു ഗുണ്ടകൾക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. ഇവരെ പിടികൂടാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

നഗരഹൃദയത്തിൽ തന്നെ സമാന്തര ഭരണസംവിധാനം പോലെ ഗുണ്ടാ ഓഫീസ് തുറക്കാനുള്ള നീക്കം ക്രമസമാധാന നിലയെക്കുറിച്ചുള്ള വലിയ ആശങ്കയാണ് ഉയർത്തുന്നത്. കോളേജ് ജംഗ്ഷൻ പോലെയുള്ള ജനത്തിരക്കുള്ള മേഖലയിൽ ഇത്തരമൊരു നീക്കം നടന്നത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button