സ്ത്രീധനം കുറഞ്ഞെന്ന് പരാതി…. അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി…. ഭർതൃവീട്ടുകാർ അറസ്റ്റിൽ

ആവശ്യപ്പെട്ട സ്ത്രീധനം ലഭിച്ചില്ലെന്നാരോപിച്ച് അഞ്ച് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. കർണാടകയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഉളവി ഡയഗ്നോസ്റ്റിക് സെന്ററിലെ സ്റ്റാഫ് നഴ്സായ ശ്വേത (30) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ശ്വേതയുടെ ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഭർത്താവിന്റെ സഹോദരൻ ഹേമന്ത്, ഇയാളുടെ ഭാര്യ ദിവ്യ എന്നിവരെ സോറബ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 30-നാണ് ശ്വേതയുടെ ദേഹത്ത് ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ ഉടൻ തന്നെ മണിപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

2020-ലായിരുന്നു ഹൊഡബട്ടെ സ്വദേശിയായ നവീനുമായുള്ള ശ്വേതയുടെ വിവാഹം. വിവാഹസമയത്ത് നൽകിയ സ്ത്രീധനം പോരാ എന്നുപറഞ്ഞ് ശ്വേതയെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നു. ശ്വേത രണ്ടാമതും ഗർഭിണിയായതോടെ പീഡനം വർധിച്ചതായാണ് വിവരം. ഇവർക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്. ശ്വേതയുടെ മരണത്തിന് പിന്നാലെ സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഏപ്രിൽ രണ്ടിന് സംസ്കാര ചടങ്ങുകൾക്ക് പിന്നാലെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഉളവി ഗ്രാമത്തിലെ മഞ്ജപ്പ-നാഗരത്ന ദമ്പതികളുടെ മകളാണ് ശ്വേത. ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ ഭർതൃവീട്ടുകാർ കാട്ടിയ ക്രൂരതയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും തങ്ങളുടെ മകൾക്കും അനാഥയായ പേരക്കുട്ടിക്കും നീതി ലഭിക്കണമെന്നും ശ്വേതയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. കേസിൽ സോറബ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button