ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ലെന്നും കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമുള്ള ആരോപണത്തെത്തുടർന്നാണ് ഉത്തരവ്. നിക്ഷേപകരായ റിട്ട. പ്രിൻസിപ്പൽ സി. പദ്‌മനാഭൻ, പി. ശ്രീജ എന്നിവർ നൽകിയ പരാതിയിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രണ്ടാം കോടതിയാണ് ഉത്തരവിട്ടത്. ബാങ്ക് സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം ആറുപേരെ പ്രതി ചേർത്താണ് പരാതി നൽകിയിരുന്നത്. ഇവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി നിർദ്ദേശം. ഒട്ടേറെ വിവരങ്ങൾ പരാതിക്കാർ കൊടുത്ത പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ചികിത്സാ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാൻ എത്തിയ നിക്ഷേപകരെ ബാങ്ക് അധികൃതർ തെറ്റിദ്ധരിപ്പിച്ചു. സ്ഥിരനിക്ഷേപം സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റാനും വലിയ നിക്ഷേപങ്ങൾ വിഭജിച്ച് പലരുടെ പേരിലാക്കാനും നിർബന്ധിച്ചു. ഇപ്രകാരം ചെയ്താൽ ഉടൻ പണം നൽകുമെന്ന് വിശ്വസിപ്പിച്ചെങ്കിലും പിന്നീട് പണം നൽകാൻ തയ്യാറായില്ലെന്ന് പരാതിക്കാർ ആരോപിക്കുന്നു.
അഴിമതി ആരോപണങ്ങൾ: ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളവർക്ക് അംഗത്വം നൽകി കോടികൾ വായ്പ നൽകിയെന്നും ഭരണസമിതിക്ക് താത്‌പര്യമുള്ളവർക്ക് നൽകിയ വലിയ തുകകൾ തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ബാങ്കിലെ സ്വർണ ഉരുപ്പടികൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയതായും ആക്ഷേപമുണ്ട്. രാജിവെച്ചുപോയ ഭരണസമിതി അംഗങ്ങളിൽ ഒരാൾ നിലവിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ്, ഒരാൾ പഞ്ചായത്തംഗം, മറ്റൊരാൾ ബ്ലോക്ക് പഞ്ചായത്തംഗം, ഒരാൾ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് എന്നിങ്ങനെ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ്.
ഒന്നാംപ്രതിയായ സെക്രട്ടറി നിലവിൽ വിദേശത്താണ്. പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 210-ാം വകുപ്പ് പ്രകാരമാണ് പരാതി ഫയൽ ചെയ്തത്. ഐ.പി.സി. 420,408,409 തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാനാണ് ഇരിക്കൂർ പോലീസിനോട് കോടതി ഉത്തരവിട്ടിട്ടുള്ളത്. പി. ശ്രീജയും അമ്മയും 2015 വർഷം മുതലും പദ്‌മനാഭനും കുടുംബവും 2016 വർഷം മുതലുമാണ് ബാങ്കിൽ പണം നിക്ഷേപിച്ചുതുടങ്ങിയത്. ഒട്ടേറെപ്പേർ കേസിൽ കക്ഷിചേരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.



