വിലക്കയറ്റത്തിന് കടിഞ്ഞാൺ…. പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കേന്ദ്രം ഒഴിവാക്കി

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാനും ഉൽപ്പന്ന ലഭ്യത ഉറപ്പാക്കാനും നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കേന്ദ്രം പൂർണ്ണമായും ഒഴിവാക്കി. ഇതിന് പുറമെ രാസവള ലഭ്യതയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രി ജെ.പി. നദ്ദ ഉറപ്പുനൽകുകയും ചെയ്തു.

പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്സ്റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമോട്ടീവ് തുടങ്ങിയ പ്രധാന മേഖലകളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനാണ് തീരുവ ഒഴിവാക്കിയത്. ഈ വർഷം ജൂൺ 30 വരെയാണ് ഈ ഇളവുകൾ പ്രാബല്യത്തിലുള്ളത്. ഏകദേശം 40 ഓളം ഉൽപ്പന്നങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യൂറിയ, ഡിഎപി എന്നിവയുടെ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്ര കെമിക്കൽ-ഫെർട്ടിലൈസർ മന്ത്രി ജെ.പി. നദ്ദ മുഖ്യമന്ത്രിമാർക്കും കൃഷി മന്ത്രിമാർക്കും ഉറപ്പുനൽകി.

പശ്ചിമേഷ്യൻ പ്രതിസന്ധി വിപണിയെ ബാധിക്കാതിരിക്കാൻ രൂപീകരിച്ച അന്തർ മന്ത്രാലയ സമിതി ഇന്ന് വൈകിട്ട് രണ്ടാം തവണ യോഗം ചേരും. എൽപിജി വിതരണം സുഗമമാക്കുന്നതിനും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനുമുള്ള കർശന നടപടികൾ യോഗം ചർച്ച ചെയ്യും. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും വിദേശ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

വിതരണത്തിലെ കൃത്രിമത്വം തടയാനുള്ള നടപടികൾക്കിടെ ഡൽഹിയിൽ എൽപിജി കരിഞ്ചന്തയിൽ വിൽക്കുന്ന സംഘത്തെ പോലീസ് പിടികൂടി. മൂന്ന് പേർ അറസ്റ്റിലായ സംഭവത്തിൽ 45 സിലിണ്ടറുകളും വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Back to top button