നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം…തടയാനെത്തിയ പിതാവിനെ…

വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നത് തടയാനെത്തിയ യുവാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു. കോഴിക്കോട് പുതുപ്പാടി കാക്കവയലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാക്കവയല്‍ വട്ടപ്പറമ്പില്‍ നിഷാദ്(40) ആണ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ആക്രമണം അഴിച്ചുവിട്ടത്.
രാവിലെ ബസില്‍ കയറാനായി റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ ഇയാള്‍ തൂമ്പ വീശുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബഹളം കേട്ട് കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ ചാമപ്പുറായില്‍ റഷീദ് ഓടിയെത്തി. എന്നാല്‍ നിഷാദ്, റഷീദിന്റെ തലയ്ക്ക് നേരെ തൂമ്പ വീശി. ഇത് തടയുമ്പോഴാണ് കൈക്ക് പരിക്കേറ്റത്.
ഇടത് കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. കൂടുതല്‍ ആക്രമണത്തിനൊരുങ്ങി ആളുകള്‍ക്ക് പിന്നാലെ ഓടുന്നതിനിടയില്‍ റോഡില്‍ വീണ് നിഷാദിനും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കൈ കാലുകള്‍ കൂടിക്കെട്ടി ഇയാളെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അശുപത്രിക്കുള്ളില്‍ വെച്ചും ഇയാള്‍ പലതവണ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് എത്തി ആംബുലന്‍സില്‍ കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റി. മുന്‍പ് വിദേശത്തായിരുന്ന നിഷാദ് ലഹരിക്ക് അടിമയായിരുന്നുവെന്നും ലഹരിക്കച്ചവടം നടത്തുന്നയാളാണെന്നും നാട്ടുകാര്‍ ആരോപിച്ചു.



