സമ്മർ ബമ്പർ ലോട്ടറിയുടെ 10 കോടിയുടെ ഭാഗ്യശാലി ഇതാ….

സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്. നെടുവ ചക്യാട്ട് റോഡിൽ നടുവീട്ടിൽ പത്മനാഭൻ (51) ആണ് ഈ വലിയ ഭാഗ്യത്തിന് ഉടമയായത്.
SB 517026 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ 26-ന് കോയമ്പത്തൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ പാലക്കാട് വെച്ചാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. സാധാരണയായി ലോട്ടറി എടുക്കുന്ന ശീലമുള്ളയാളല്ല പത്മനാഭൻ. ‘ബമ്പർ’ ആയതുകൊണ്ട് മാത്രം എടുത്ത ഈ ഒരു ടിക്കറ്റ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി.
കഴിഞ്ഞ എട്ടുവർഷമായി കോഴിച്ചെനയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയാണ് പത്മനാഭൻ. ചൊവ്വാഴ്ച രാവിലെയാണ് തന്റെ ജീവിതം മാറ്റിമറിച്ച ആ വാർത്ത അദ്ദേഹം അറിയുന്നത്. ഭാര്യ സ്മിതയും പത്താംക്ലാസ് വിദ്യാർത്ഥി ശ്രീഹരിയും ഏഴാം ക്ലാസുകാരി പാർവണയും അടങ്ങുന്നതാണ് പത്മനാഭന്റെ കുടുംബം. അപ്രതീക്ഷിതമായി തേടിയെത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് എല്ലാവരും. സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം എസ്.ബി.ഐ പരപ്പനങ്ങാടി ബ്രാഞ്ച് മാനേജർക്ക് കൈമാറി.



