പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല… ഇന്ദിരാ ഗ്യാരണ്ടി ബസ് യാത്രയിൽ വിശദീകരണവുമായി രമ്യ ഹരിദാസ്…..

തിരുവനന്തപുരം:  ചിറയിൻകീഴിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ‘ഇന്ദിരാ ഗ്യാരണ്ടി’ ബസ് യാത്ര വിവാദമായതോടെ വിശദീകരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. താൻ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് യുഡിഎഫിന് വ്യക്തമായ ബോധ്യമുണ്ടെന്നും അവർ പറഞ്ഞു.

ചിറയിൻകീഴ് മുതൽ കോരാണി വരെയാണ് ബസ് യാത്ര നടത്തിയത്. ബസ്സിലുണ്ടായിരുന്നത് മഹിളാ കോൺഗ്രസ് പ്രവർത്തകർ മാത്രമായിരുന്നുവെന്നും സാധാരണ യാത്രക്കാരെ സൗജന്യമായി കയറ്റിയിട്ടില്ലെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയോടുള്ള അസഹിഷ്ണുതയാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് സ്ഥാനാർത്ഥി ആരോപിച്ചു. പദ്ധതി കേരളം ഏറ്റെടുത്തതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ദിരാ ഗ്യാരണ്ടി ബസ് ആരും തടഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയ കാര്യം ഔദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നുമാണ് രമ്യ ഹരിദാസിന്റെ നിലപാട്. ട്രയൽ റൺ എന്ന നിലയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി എൽഡിഎഫ് നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടറോട് റിപ്പോർട്ട് തേടിയത്. ഇലക്ഷൻ സ്ക്വാഡ് ബസ് തടഞ്ഞതായും മടക്കയാത്രയിൽ ആളുകളെ ഇറക്കിവിട്ടതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാദങ്ങൾക്കിടയിലും ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം.

Related Articles

Back to top button