കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതി… ഷാഫി പറമ്പിലിന്റെയും രാഹുലിന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് യുവതി…

പാലക്കാട്: പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ശക്തമാക്കി പോലീസ്. പരാതിക്കാരിയായ യുവതി ഇന്ന് നിർണ്ണായക തെളിവുകൾ പോലീസിന് കൈമാറി. സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖ നേതാക്കളുമായുള്ള അടുത്ത ബന്ധം പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെ മുന്നിൽ വച്ച് ഷാഫി പറമ്പിലിനെ പ്രതി വീഡിയോ കോൾ ചെയ്തതായും യുവതി പോലീസിന് മൊഴി നൽകി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി നൽകിയ ശേഷം പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയതായും സൂചനയുണ്ട്. ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനവും രാജിവെക്കണമെന്നാണ് കോൺഗ്രസ് നിലപാട്. പ്രശോഭിന് പ്രമുഖ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉയർത്തിക്കാട്ടി എൽഡിഎഫും എൻഡിഎയും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.



