മതരാഷ്ട്രവാദികളുമായി കൂട്ടില്ല…. പിഡിപി നിലപാട് അവരുടേത്, യുഡിഎഫിന്റെ ബിജെപി ബന്ധം ലജ്ജാകരമെന്ന് എം.എ. ബേബി

കണ്ണൂർ: ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയ മതരാഷ്ട്രവാദ പാർട്ടികളുമായി സിപിഎമ്മിന് യാതൊരു നീക്കുപോക്കുമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഡിപി എൽഡിഎഫിനെ സഹായിക്കുമെന്ന് പറയുന്നത് അവരുടെ മാത്രം നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിഡിപി പണ്ട് വർഗ്ഗീയ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്ന് പിന്മാറിയതായി അബ്ദുൽ നാസർ മഅദനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബിജെപി-കോൺഗ്രസ്-ലീഗ് അവിശുദ്ധ ബന്ധം മറച്ചുവെക്കാനാണ് സിപിഎം-ബിജെപി ഡീൽ എന്ന ആരോപണം കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് ബേബി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ പാർട്ടി വിട്ടുപോകുന്നത് സ്ഥാനമോഹം കൊണ്ടാണ്. പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചവർക്കൊപ്പം പോകുന്നത് അധഃപതനമാണെന്നും രക്തസാക്ഷികളുടെ പേരിൽ പ്രവർത്തിക്കുന്നവർ ഇത്തരത്തിൽ പെരുമാറരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. രക്തസാക്ഷി ഫണ്ടിന്റെ കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്ന രീതിയാണ് സിപിഎമ്മിന്റേത്. അതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ പാർട്ടി തന്നെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ഭരണത്തിന് കീഴിൽ കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളെ മറച്ചുപിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. താലൂക്ക് ആശുപത്രികളിൽ പോലും ഹൃദ്രോഗത്തിന് സൗജന്യ ചികിത്സ ലഭ്യമാണ്. ഈ നേട്ടങ്ങളെ ഇല്ലാതാക്കാൻ സ്വകാര്യ ആശുപത്രി ലോബികളും പ്രതിപക്ഷവും കൈകോർക്കുകയാണെന്നും ബേബി ആരോപിച്ചു.

നവ ഫാഷിസ്റ്റ് നയം പിന്തുടരുന്ന ബിജെപിയെ പ്രതിരോധിക്കാൻ ആരുമായും കൂട്ടുകൂടും എന്നതാണ് സിപിഎമ്മിന്റെ നയം. അതുകൊണ്ടാണ് കേന്ദ്രത്തിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്നും ഇത് മധുര കോൺഗ്രസ് അംഗീകരിച്ച നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button