രാജീവ് ചന്ദ്രശേഖറെ സംവാദത്തിനു വെല്ലുവിളിച്ച് വി ശിവന്‍കുട്ടി…

തിരുവനന്തപുരം: നേമത്തെ വികസന സംവാദത്തിന് ഇനി ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ സ്ഥലവും സമയവും നിശ്ചയിക്കട്ടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ‘ഏതു ദിവസമായാലും ഞാന്‍ സംവാദത്തിന് തയാറാണ്. ഇനി തീയതിയും സ്ഥലവും അദ്ദേഹം നിശ്ചയിക്കട്ടെ’ ശിവന്‍കുട്ടി പറഞ്ഞു. നേമത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് എത്തിയിരുന്നു.

സംവാദം ഉച്ചയ്ക്ക് ശേഷം മാത്രം ആകരുതെന്നും തനിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതുണ്ടെന്നും ബാക്കി ഏത് സമയത്താണെങ്കിലും താന്‍ വരുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സംവാദത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ പിന്നോട്ടുപോകുകയാണ്. നേരത്തെ സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ മുഖ്യമന്ത്രിയുമായി മാത്രമേ സംവദിക്കൂ എന്ന് പറയുന്നത് മര്യാദകേടാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംവാദം നടന്നാല്‍ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാര്‍ക്കേ ലഭിക്കൂ എന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. രാജീവ് ചന്ദ്രശേഖര്‍ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് പരാജയഭീതി കൊണ്ടാണ്. നേമത്തെ വികസന കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് താന്‍ എപ്പോഴും തയ്യാറാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button