എംപിമാർ മത്സരിക്കേണ്ടെന്നത് ഹൈക്കമാൻഡ് തീരുമാനം…. വിവാദങ്ങളിൽ തോക്ക് എന്റെ നേരെ ചൂണ്ടേണ്ടെന്ന് വി.ഡി. സതീശൻ

കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നത് കോൺഗ്രസ് അധ്യക്ഷന്റെ തീരുമാനമാണെന്നും ഉപതിരഞ്ഞെടുപ്പുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എംപിമാർ രാജിവെച്ച് വീണ്ടും ഉപതിരഞ്ഞെടുപ്പുകൾ വരുന്നത് ജനങ്ങൾ എങ്ങനെ വിലയിരുത്തുമെന്നത് പ്രധാനമാണെന്ന് എഐസിസി അധ്യക്ഷൻ വിലയിരുത്തുകയായിരുന്നു. മുഹമ്മദ് ഷിയാസിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് താനല്ലെന്നും കെ.സി. വേണുഗോപാലാണെന്നും സതീശൻ വെളിപ്പെടുത്തി. സിഇസി യോഗത്തിൽ ഷിയാസ് മികച്ച സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞത് വേണുഗോപാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരനുമായി തനിക്ക് സഹോദരബന്ധമാണുള്ളത്. തങ്ങൾ തമ്മിൽ യാതൊരു പിണക്കവുമില്ല. സുധാകരനെ ഹൈക്കമാൻഡ് അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി എടുക്കുന്ന കൂട്ടായ തീരുമാനങ്ങളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും വിവാദങ്ങൾ ഉണ്ടാകുമ്പോൾ തന്റെ നേരെ മാത്രം തോക്ക് ചൂണ്ടുന്നത് ശരിയല്ലെന്നും സതീശൻ വിമർശിച്ചു.

Related Articles

Back to top button