ആയിരം കോടിയുടെ പാതിവില തട്ടിപ്പ്…. അനന്തു കൃഷ്ണനും ആനന്ദകുമാറിനുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

സംസ്ഥാനത്തെ നടുക്കിയ പാതിവില വാഹന തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രധാന പ്രതികളായ അനന്തു കൃഷ്ണൻ, കെ.എൻ. ആനന്ദകുമാർ എന്നിവർക്കും ഇവർ ഉടമകളായ കമ്പനികൾക്കുമെതിരെയാണ് കലൂർ പി.എം.എൽ.എ കോടതിയിൽ കുറ്റപത്രം നൽകിയത്.
പുതിയ ഇരുചക്രവാഹനങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ എണ്ണായിരത്തോളം ആളുകളെ കബളിപ്പിച്ചത്. ആയിരം കോടി രൂപയോളം ഇത്തരത്തിൽ സമാഹരിച്ചതായാണ് കണ്ടെത്തൽ. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ 4.5 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. രണ്ട് മാസം മുൻപ് ഇദ്ദേഹത്തെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു.
ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനായി പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും തട്ടിപ്പ് സംഘം തങ്ങളുടെ പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. ഇത്തരത്തിൽ സമാഹരിച്ച പണം മറ്റ് പല തട്ടിപ്പ് കമ്പനികളിലേക്കും വകമാറ്റിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വ്യക്തികൾക്ക് പുറമെ തട്ടിപ്പിനായി ഉപയോഗിച്ച കമ്പനികളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടക്കുന്നത്.



