ജനറൽ സീറ്റിൽ പെണ്ണുങ്ങൾ വേണ്ട… സംവരണ സീറ്റിൽ മാത്രം മതി വനിതകൾ… മുസ്‌ലിം ലീഗിന് താക്കീതുമായി സമസ്ത

മുസ്‌ലിം ലീഗിൽ ജനറൽ സീറ്റുകളിലേക്ക് വനിതകളെ പരിഗണിക്കുന്നതിനെതിരെ ശക്തമായ വിയോജിപ്പുമായി സമസ്ത. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നത് സമസ്തയുടെ ആദർശങ്ങൾക്ക് വിരുദ്ധമാണെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ലീഗ് നേതൃത്വത്തിന് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകിയത്.
സ്ത്രീകൾക്ക് സംവരണം നിർബന്ധമായ സീറ്റുകളിൽ മാത്രം അവരെ മത്സരിപ്പിക്കാനാണ് സമസ്ത നേരത്തെ അനുവാദം നൽകിയിരുന്നത്. എന്നാൽ ജനറൽ സീറ്റുകളിൽ വനിതകളെ നിർത്തുന്നത് സമസ്ത നൽകിയ മറുപടിക്ക് വിരുദ്ധമാണെന്ന് ഉമർ ഫൈസി മുക്കം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രവർത്തനത്തിന് പ്രാപ്തരായ ധാരാളം പുരുഷന്മാർ ഉള്ളപ്പോൾ സ്ത്രീകളെ ജനറൽ സീറ്റുകളിൽ പരിഗണിക്കേണ്ടതില്ലെന്നാണ് സമസ്തയുടെ നിലപാട്. ലീഗിന്റെ ഇപ്പോഴത്തെ മാറ്റങ്ങൾ ഫത്‌വയുമായി ചേരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മുസ്‌ലിം സംഘടനകൾക്ക് കൃത്യമായ പരിഗണന ലഭിച്ചിട്ടുണ്ടെന്നും സർക്കാരിനെക്കുറിച്ച് പരാതികളില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് ലീഗ് ക്യാമ്പുകളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. കേരളത്തിലെ ഭൂരിഭാഗം മുസ്‌ലിങ്ങളും സമസ്തയുടെ അനുയായികളാണെന്നും അവരുടെ വികാരത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ലീഗിന് തിരിച്ചടിയാകുമെന്നും ഉമർ ഫൈസി മുക്കം ഓർമ്മിപ്പിച്ചു. സമസ്തയ്ക്കൊപ്പം നിൽക്കുന്നതാണ് ലീഗിന് എപ്പോഴും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



