മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഫ്ലക്സുകൾ ബോർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ…

വയനാട് മാനന്തവാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയന്റെ പ്രചാരണ ബോർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് കോൺഗ്രസിനുള്ളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വള്ളിയൂർക്കാവിന് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ എത്തിച്ച ഫ്ലക്സ് ബോർഡുകളാണ് റോഡിലും പരിസരത്തുമായി അശ്രദ്ധമായി കിടക്കുന്നത് കണ്ടത്. ഒരു കോൺഗ്രസ് പ്രവർത്തകൻ തന്നെ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം പുറംലോകമറിഞ്ഞു.
കഴിഞ്ഞ ദിവസം പാർട്ടി നേതാക്കൾ വിതരണത്തിനായി എത്തിച്ച ബോർഡുകളാണ് അർഹമായ ഗൗരവം നൽകാതെ വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ടത്. സ്ഥാനാർത്ഥിക്കായി വേണ്ടത്ര പ്രചാരണം നൽകുന്നില്ലെന്ന പരാതിക്കിടെയാണ് ഈ സംഭവം. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് പുതിയ വിവാദം. താൻ മത്സരിച്ച സമയത്ത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ കാലുമാറ്റ ശ്രമങ്ങൾ ഉണ്ടായെന്നും തന്റെ പോസ്റ്ററുകൾ പുഴയിൽ വലിച്ചെറിഞ്ഞെന്നും ജയലക്ഷ്മി തുറന്നടിച്ചിരുന്നു. ഇത്തവണ അത്തരം നീക്കങ്ങൾ ഉഷാ വിജയനെതിരെ ഉണ്ടാകരുതെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
മാനന്തവാടിയിൽ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കൾ സ്ഥാനാർത്ഥിയോട് സഹകരിക്കുന്നില്ലെന്ന സൂചനകളാണ് ഈ സംഭവം നൽകുന്നത്. പ്രചാരണ സാമഗ്രികൾ നശിപ്പിക്കപ്പെടുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്ക പ്രവർത്തകർക്കിടയിലുണ്ട്.



